കാലിക്കടവ് ഗവ. ഹൈസ്‌കൂള് കെട്ടിടോദ്ഘാടനം ചെയ്തു
തളിപ്പറമ്പ്: കുട്ടികള് പോലും ലഹരിക്കടിമപ്പെടുന്ന സാഹചര്യത്തില് വിദ്യാലയങ്ങള് ലഹരിമുക്തമാക്കാനാണ് സര്ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കാലിക്കടവ് ഗവ. ഹൈസ്‌കൂളില് കണ്ണൂര് ജില്ലാ പഞ്ചായത്തിന്റെയും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെയും (ആര്.എം.എസ്.എ) ഫണ്ട് ഉപയോഗിച്ച് നിര്മ്മിച്ച രണ്ടുനില പുതിയ ക്‌ളാസ് റൂം ബ്‌ളോക്കിന്റെ ഉദ്ഘാടനം നിര്വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ വിദ്യാലയപരിസരങ്ങളില് ലഹരിവസ്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കി ലഹരിവിമുക്ത കാമ്പസുകള് കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള് ദ്രുതഗതിയില് ചെയ്തുവരികയാണെന്നും മന്ത്രി പറഞ്ഞു. ലഹരി വര്ജ്ജിക്കുന്നതോടൊപ്പം പഠനത്തിലും ജീവിതമൂല്യങ്ങളിലും എ പ്ലസ് നേടുമ്പോഴാണ് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാനാവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
പാണയില് ബില്ഡേഴ്‌സ് ആന്റ് ഡവലപേഴ്‌സ് ആണ് സ്‌കൂള് കെട്ടിടം നിര്മ്മിച്ചത്. പാണയില് ബില്ഡേഴ്‌സിനുള്ള ഉപഹാരം ചടങ്ങില് മന്ത്രി കൈമാറി.
എസ്എസ്എല്സി പരീക്ഷയില് മികച്ച വിജയം നേടിയ കുട്ടികള്ക്ക് പാണയില് ബില്ഡേഴ്‌സ് ചെയര്മാനും കണ്ണൂരിലെ ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാനുമായ ഡോ. എന്.കെ.സൂരജ് ഏര്പ്പെടുത്തിയ ക്യാഷ് അവാര്ഡുകള് ജെയിംസ് മാത്യു എം.എല്.എ വിതരണം ചെയ്തു.
ജെയിംസ് മാത്യു എം.എല്.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. ജയബാലന് മാസ്റ്റര്, തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത, കുറുമാത്തൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ.വി. നാരായണന്, പ്രധാനാദ്ധ്യാപിക എ.സി. സുജിത, പിടിഎ പ്രസിഡന്റ് ഒ.വി. ഉണ്ണികൃഷ്ണന് തുടങ്ങിയവര് പ്രസംഗിച്ചു.
കുറുമാത്തൂര് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ജാനകി, തളിപ്പറമ്പ് ബ്‌ളോക്ക് പഞ്ചായത്ത് മെംബര് കെ. ലളിത, കുറുമാത്തൂര് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കാനായി രാജന്, കുറുമാത്തൂര് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി. ദേവി, കെ. ലീല, കെ.വി.കെ. അയൂബ്, ഡിഡിഇ ടി.പി. നിര്മലാദേവി, ഡിപിഒ എസ്.പി. രമേശന്, മദര് പിടിഎ പ്രസിഡന്റ് പി.വി. ശ്രീലത, പി.ടി. എ വൈസ് പ്രസിഡന്റ് ടി. രാജന്, വി. സുരേശന്, സി.പി. പീതാംബരന്, എന്.പി. സലീത്ത്, സ്റ്റാഫ് സെക്രട്ടറി എം. എം. രാജന്, പി.മാധവന്, ടി. ജനാര്ദ്ദനന്, കെ. ആലിക്കുഞ്ഞി, എ. ബാലകൃഷ്ണന്, എ. പ്രേമന് തുടങ്ങിയവര് ചടങ്ങില് സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് സ്വാഗതവും പി.വി. ബിജു നന്ദിയും പറഞ്ഞു.