ദുരിതാശ്വാസ നിധിയിലേക്കുള്ള 32 ലക്ഷം മന്ത്രിക്ക് കൈമാറി
രണ്ട് ലക്ഷം രൂപ നല്കി ദയാ ചാരിറ്റബിള് ട്രസ്റ്റും കൈത്താങ്ങായി
കണ്ണൂര്: പ്രളയബാധിത കേരളത്തെ പുനര്നിര്മിക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര് താലൂക്ക് ഓഫീസില് നടന്ന ചടങ്ങില് 32 ലക്ഷം രൂപ വിവിധ ആളുകളില് നിന്ന് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഏറ്റുവാങ്ങി.
മഴമൂലമുണ്ടായ പ്രളയം അവസാനിച്ചപ്പോള് അതിന്റെ ഇരകള്ക്കായുള്ള സഹായത്തിന്റെ പ്രളയമാണ് ഇപ്പോള് കേരളത്തില് ശക്തി പ്രാപിച്ചുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമത കക്ഷിരാഷ്ട്രീയ ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പെട്ടയാളുകള് ദുരിതബാധിതരെ സഹായിക്കാന് കൈകോര്ത്ത് മുന്നേറുന്ന കാഴ്ച ലോകത്തിനു തന്നെ മാതൃകയാണ്. കേരളത്തിലെ മഴക്കെടുതിയെ ദേശീയ ദുരന്തമായി കേന്ദ്ര സര്ക്കാര് അംഗീകരിച്ചിട്ടില്ലെങ്കിലും രാജ്യത്തിനകത്തും പുറത്തുമുള്ള ജനങ്ങള് അംഗീകരിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ഒഴുകിയെത്തുന്ന സഹായങ്ങളെന്നും അദ്ദേഹം പറഞ്ഞു.
വി വി മുനീര് (ഗ്രീന്സ് ഹൈപ്പര് മാര്ക്കറ്റ് എംഡി) അഞ്ചു ലക്ഷം, കല്ലാളം ശ്രീധരന് (കവിതാ ഗ്രൂപ്പ്) അഞ്ചു ലക്ഷം, വെയ്ക്ക് കണ്ണൂര് അഞ്ചു ലക്ഷം, ഡോ. സൂരജ് പാണയില് (ചെയര്മാന്, ദയ ചാരിറ്റബ്ള് ട്രസ്റ്റ്) രണ്ടു ലക്ഷം തുടങ്ങി വലുതും ചെറുതുമായ സംഭാവനകളുള്പ്പെടെ 32 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ചടങ്ങില് വച്ച് ലഭിച്ചത്. വയനാട്ടിലെ പ്രളയബാധിത ക്യാമ്പിലേക്ക് നേരത്തെ അരി ഉള്പ്പെടെയുള്ള അവശ്യസാധനങ്ങള് ദയ ചാരിറ്റബിള് ട്രസ്റ്റ് കണ്ണൂര് കലക്ടര് മുഖാന്തിരം എത്തിച്ചിരുന്നു. ആദ്യഘട്ടം അഞ്ച് ലക്ഷത്തിലേറെ രൂപ ചെലവ് വരുന്ന പ്രവര്ത്തനങ്ങളാണ് ട്രസ്റ്റ് നടപ്പിലാക്കിയത്. അതിനുപുറമെയാണ് ദുരിതാശ്വാസനിധിയിലേക്കുള്ള ഈ സംഭാവന.
വളപട്ടണം മേഖലയില് ജോലി ചെയ്യുന്ന ഒഡീഷക്കാരായ തൊഴിലാളികളുടെ മക്കള് സ്വരുക്കൂട്ടിവച്ച ചെറിയ ചെറിയ സംഖ്യകള് ചേര്ത്ത് സ്വരൂപിച്ച 2800 രൂപയും കുട്ടികള് മന്ത്രിക്ക് കൈമാറി. സിവില് സ്റ്റേഷന് പോസ്റ്റോഫീസില് നിന്ന് പോസ്റ്റ് മാസ്റ്ററായി വിരമിച്ച സി പി ശോഭന തന്റെ രണ്ടു മാസത്തെ പെന്ഷന് തുകയായ 57000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാതൃകയായി.
താലൂക്ക് കോണ്ഫറന്സ് ഹാളില് നടന്ന ചടങ്ങില് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്ഥിരം സമിതി അധ്യക്ഷന് കെ പി ജയബാലന് മാസ്റ്റര്, തഹസില്ദാര് വി എം സജീവന് തുടങ്ങിയവര് സംസാരിച്ചു.
photo caption:
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി കണ്ണൂര് താലൂക്ക് കോണ്ഫറന്സ് ഹാളില് വച്ച് സ്വീകരിച്ചപ്പോള് ദയാ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് രണ്ട് ലക്ഷം രൂപയ്ക്കുള്ള ചെക്ക് കൈമാറുന്നു.