ജനശക്തി തെളിയിച്ച് ദയ ട്രസ്റ്റ്
ദയ പെന്ഷന് പദ്ധതി എട്ടാം വര്ഷത്തിലേക്ക്…
അഴീക്കോട്: രാഷ്ട്രീയം മറന്ന് ക്‌ളബുകളും സംഘടനകളും ഒന്നിച്ചുനിന്നാല് നാടിന്റെ വികസനം സാധ്യമാണെന്ന് ദയ ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ഡോ. എന്.കെ. സൂരജ് പറഞ്ഞു.
ദയ ചാരിറ്റബിള് ട്രസ്റ്റിന്റെ പെന്ഷന് പദ്ധതി എട്ടാം വാര്ഷികത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി അഴീക്കോട്ടെ ജനശക്തി ചാരിറ്റബിള് ട്രസ്റ്റ് മുഖാന്തിരമുള്ള മൂന്നാം വര്ഷത്തെ പെന്ഷന് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിമാസം 1000 രൂപ നിരക്കില് പെന്ഷന് വിതരണത്തിനുള്ള ചെക്ക് ദയ ട്രസ്റ്റ് ചെയര്മാന് ഡോ. സൂരജ് പാണയില് ജനശക്തി ചാരിറ്റബിള് ട്രസ്റ്റ് ചെയര്മാന് ഷുക്കൂര് മാസ്റ്ററെ ഏല്പിച്ചു. ഈ വര്ഷം ജനശക്തി മുഖേന
35 പേര്ക്കാണ് പെന്ഷന് വിതരണം ചെയ്യുന്നത്. കഴിഞ്ഞ വര്ഷം മുപ്പത് പേരാണ് ഗുണഭോക്താക്കളായി ഉണ്ടായിരുന്നത്. നിരലാംബരായ അഞ്ചുപേര്ക്ക് കൂടി സാമ്പത്തികസഹായം അനുവദിക്കുന്നതില് സന്തോഷമുണ്ടെന്ന് ഡോ. സൂരജ് പാണയില് പറഞ്ഞു.
അതേസമയം, നിരാലംബരായ 150 പേര്ക്ക് ദയ ചാരിറ്റബിള് ട്രസ്റ്റ് പ്രതിമാസ പെന്ഷന് നല്കിവരുന്നുണ്ട്.
ചടങ്ങില് ഷുക്കൂര് മാസ്റ്റര് അദ്ധ്യക്ഷത വഹിച്ചു. ദയ ചാരിറ്റബിള് ട്രസ്റ്റ് ട്രസ്റ്റി ഷംന സൂരജ്, വി. നജീഷ്, സി.കെ. നൗഷാദ് തുടങ്ങിയവര് പ്രസംഗിച്ചു. ജനശക്തി ചാരിറ്റബിള് ട്രസ്റ്റ് ജോയന്റ് കണ്വീനര് കെ. രജീഷ് സ്വാഗതവും ഷബാബ് നന്ദിയും പറഞ്ഞു.