ജില്ലാ കോള് സെന്റര് ഒരുമാസം പിന്നിടുന്നു
പകുതിയിലേറെയും മരുന്നിനായുള്ള വിളികള്;
താങ്ങായി ദയ ചാരിറ്റബിള് ട്രസ്റ്റ്
കണ്ണൂര്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം കണ്ണൂര് ജില്ലാ പഞ്ചായത്ത് കോണ്ഫറന്സ് ഹാളില് ഒരുക്കിയ ജില്ലാ കോള് സെന്റര് തുടങ്ങിയിട്ട് ഒരു മാസം തികഞ്ഞു. രോഗം പടരാതിരിക്കാന് ജനങ്ങളെ വീട്ടിലിരുത്തി അത്യാവശ്യക്കാര്ക്കുള്ള സാധനങ്ങള് വിളിച്ചുപറഞ്ഞാല് അത് വീട്ടുപടിക്കലെത്തിച്ചുകൊടുക്കുകയായിരുന്നു ഈ സെന്ററിന്റെ ലക്ഷ്യം. ഇതിനിടെ പതിനായിരത്തിലേറെ കോളുകളാണ് വിവിധ ആവശ്യങ്ങളറിയിച്ച് കോള് സെന്ററിലേക്ക് ഒഴുകിയെത്തിയത്. ഇതില് പകുതിയിലധികവും ജീവന്രക്ഷാ മരുന്നുകള്ക്ക് വേണ്ടിയായിരുന്നു. ഇവയില് ഭൂരിഭാഗവും കൈകാര്യം ചെയ്ത് അവശ്യക്കാരിലെത്തിച്ചത് കണ്ണൂര് ജവഹര് സ്റ്റേഡിയം കോംപ്ലക്സില് പ്രവര്ത്തിക്കുന്ന ദയ മെഡിക്കല്സും അനുബന്ധമായി പ്രവര്ത്തിക്കുന്ന ദയ ട്രസ്റ്റും അതിന്റെ പ്രവര്ത്തകരുമാണ്.
അവശ്യസേവന വിഭാഗത്തിലാണെങ്കിലും നഗരത്തിലെ മെഡിക്കല് ഷോപ്പുകള് പോലും ഒന്നിടവിട്ട ദിവസങ്ങളില് മാത്രമേ തുറന്നു പ്രവര്ത്തിക്കാന് പാടൂള്ളൂ എന്ന് ഏപ്രില് അവസാനവാരം പോലീസിന്റെ കര്ശന നിര്ദ്ദേശമുണ്ടായപ്പോഴും ദുരന്തനിവാരണം കോവിഡ് 19 അതിവ്യാപന പ്രതിരോധപ്രവര്ത്തനം നിലവിലുള്ള ലോക്ക്ഡൗണ് ക്രമീകരിക്കുന്ന വ്യവസ്ഥകളില് ഇളവ് അനുവദിച്ച് കണ്ണൂരിലെ ദയ മെഡിക്കല്സിന് എല്ലാ ദിവസവും തുറന്നുപ്രവര്ത്തിക്കാന് ജില്ലാ കലക്ടര് നല്കിയ ഉത്തരവ് അവരുടെ പ്രവര്ത്തനമികവിനുള്ള അംഗീകാരമാണ്. അതേസമയം, ദയ മെഡിക്കല്സിന്റെ ലാഭം മുഴുവന് ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കായി ഉടമസ്ഥര് മാറ്റിവെച്ചിരിക്കുന്നുവെന്ന പ്രത്യേകത കൂടിയുണ്ട് ഈ സ്ഥാപനത്തിന്.
കാന്സര്, ഹൃദ്രോഗം, മൂത്രതടസ്സം തുടങ്ങി വിവിധ അസുഖങ്ങള് ബാധിച്ച് ഒന്നിട തെറ്റാതെ മരുന്ന് കഴിക്കുന്ന രോഗികള്ക്ക് മരുന്നുകള് വീടുകളിലെത്തിച്ചു നല്കി. കണ്ണൂരില് ലഭ്യമല്ലാത്ത മരുന്നുകള് അന്യജില്ലകളില് പോയി വാങ്ങി രോഗികള്ക്ക് നല്കാനായത് ഒരു പുണ്യമായി കരുതുന്നുവെന്നാണ് ട്രസ്റ്റ് പ്രവര്ത്തകരുടെ നിലപാട്. ആകെ രണ്ടു രൂപ വില വരുന്ന ഓര്ഡറുകള് പോലും മുപ്പത് കിലോമീറ്റര് ദൂരത്ത് പോലും എത്തിച്ചുനല്കിയത് നാടിനോടുള്ള ദയ ട്രസ്റ്റിന്റെ പ്രതിബദ്ധതകൊണ്ടാണ്.
മരുന്നുകള് വാങ്ങാന് കഷ്ടപ്പെട്ടവര്ക്ക് വില കൂടിയ മരുന്നുകള് പോലും സൗജന്യമായി ലഭ്യമാക്കാനും ട്രസ്റ്റ് തയ്യാറായി. സാമൂഹ്യനീതി വകുപ്പിനു കീഴില് അഴീക്കോട് ചാലില് പ്രവര്ത്തിക്കുന്ന ഗവ. വൃദ്ധമന്ദിരത്തിലെ അന്തേവാസികള്ക്കായി സൗജന്യ മരുന്നുകളെത്തിച്ച് നല്കാനും ദയ ട്രസ്റ്റ് സന്മനസു കാട്ടി. എഴുപതോളം അന്തേവാസികളാണ് ഇവിടെ താമസിക്കുന്നത്. കിടപ്പിലായ രോഗികള്ക്ക് പുറമെ വാര്ദ്ധക്യസഹജമായ അസുഖങ്ങള് ഉള്ളവരാണ് ഇതിലേറെയും. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര് ആവശ്യപ്പെട്ടതിനെ തുടര്ന്നാണ് ദയ ചാരിറ്റബിള് ട്രസ്റ്റ് മരുന്നുകളെത്തിച്ച് നല്കിയത്. കണ്ണൂര് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന് പത്മനാഭന് ദയ ചാരിറ്റബിള് ട്രസ്റ്റ് രക്ഷാധികാരി കെ. രാജേന്ദ്രനില് നിന്ന് മരുന്നുകള് ഏറ്റുവാങ്ങി. 25,000 രൂപയുടെ മരുന്നുകളാണ് കൈമാറിയത്.
അതോടൊപ്പം മാരകരോഗങ്ങളാല് കഷ്ടപ്പെടുന്ന പ്രവാസികള്ക്ക് വിലയേറിയ മരുന്നുകള് കോള് സെന്റര് വഴി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക് കൊടുത്തയക്കാന് ദയ ട്രസ്റ്റിന് സാധിച്ചുവെന്നത് വളരെ ചാരിതാര്ത്ഥ്യം നല്കുന്നുവെന്ന് ട്രസ്റ്റ് ചെയര്മാന് ഡോ. എന്.കെ. സൂരജ് പറഞ്ഞു.
കോള് സെന്ററിന്റെ ഭാഗമായി അവശ്യസാധനങ്ങള് അത്യാവശ്യക്കാര്ക്ക് എത്തിച്ചു നല്കുന്നതിനായി ഒരു വാഹനം വേണമെന്ന് ജില്ലാ കലക്ടര് ആവശ്യപ്പെട്ടതോടെ ദയ ട്രസ്റ്റിന്റെ പക്കലുള്ള കവചിത ബോഡിയുള്ള ഒരു വണ്ടി ഉടന് വിട്ടുനല്കാനും ട്രസ്റ്റ് മനസ്സുവെച്ചു. കഴിഞ്ഞ ഒരുമാസമായി അവശ്യസാധനങ്ങളുമായി ഉപഭോക്താക്കളെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്.
വിവിധ മേഖലകളില് പ്രശസ്തരായ താരങ്ങളാണ് ഓരോ ദിവസവും കോള് സെന്ററില് വളണ്ടിയര്മാരായി എത്തുന്നത്. നിത്യമായി എത്തുന്ന ഇന്ത്യന് ഫുട്ബോള് താരം സി.കെ. വിനീതിന് പുറമെ സിനിമ മേഖലയില് നിന്നുള്ള പ്രമുഖ താരങ്ങളും വളണ്ടിയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വളണ്ടിയര്മാര്ക്കുള്ള ഉച്ചഭക്ഷണവും ദയ ട്രസ്റ്റ് എത്തിച്ചു നല്കിയിട്ടുണ്ട്.
ട്രസ്റ്റ് രക്ഷാധികാരികളായ എന്.കെ. ശ്രീജിത്ത്, ഷംന സൂരജ്, കെ. രാജേന്ദ്രന് എന്നിവര്ക്ക് പുറമെ പ്രവര്ത്തകരായ വിപിന് ചന്ദ്രതാര, വി. നജീഷ്, ടി.വി. ജ്യോതീന്ദ്രന്, എം. പ്രദീപന്, പി.എം. ഷിജു, രതീശന് കണിയാങ്കണ്ടി, പി.ജി. നിഖില് തുടങ്ങിയവരാണ് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.