Categories
Uncategorized

സമൂഹത്തിന്റെ ആശയാണ് ഇവര്‍; പ്രതീക്ഷയാണ്…

കോവിഡ് പോരാളികളായ ആശാ വര്‍ക്കര്‍മാര്‍ക്ക് ദയ ട്രസ്റ്റിന്റെ ആദരംകണ്ണൂര്‍: ദയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 23 വാര്‍ഡുകളിലെയും ആശാ വര്‍ക്കര്‍മാരെ ആദരിച്ചു. വളപട്ടണം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ ഡോ.എന്‍.കെ. സൂരജ് അധ്യക്ഷത വഹിച്ചു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് മുഖ്യാതിഥിയായി.അര്‍പ്പിത മനോഭാവത്തോടെ സമയക്ലിപ്തത നോക്കാതെ സാമൂഹ്യസേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആശാ വര്‍ക്കര്‍മാര്‍ എന്തുംകൊണ്ടും ആദരം അര്‍ഹിക്കുന്നുവെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് സി. ഐ രാജേഷ് പറഞ്ഞു.കോവിഡ് മാറി ക്വാറന്റൈനില്‍ ആയിരുന്നപ്പോള്‍ ഒരു കുട്ടിയുടെ മുഖത്തു നോക്കി ചിരിച്ചതിനുള്ള മറുപടി രൂക്ഷമായൊരു നോട്ടമായിരുന്നു. അതേസമയം, സമൂഹത്തില്‍ കോവിഡ് പോരാളികളായി സമരമുഖത്തുള്ള ആശാവര്‍ക്കര്‍മാര്‍ വെല്ലുവിളികളെ നേരിട്ടാണ് രാപകല്‍ വ്യത്യാസമില്ലാതെ പോലീസ് സേനയെ പോലെ സമൂഹനന്മ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്തുണയേകി സമൂഹത്തിന്റെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാരുടെ സേവനം മഹത്തരമാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് പറഞ്ഞു. ഇവരുടെ നേതൃത്വത്തില്‍ ചികിത്സാതലത്തിലും വാര്‍ഡുതലത്തിലും നടത്തിയ ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് രോഗവ്യാപനത്തെ ഒരു പരിധിവരെയെങ്കിലും പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ സുരക്ഷപോലും വകവയ്ക്കാതെ ഉത്തരവാദിത്തം ഭംഗിയായി നടപ്പിലാക്കിയ ഇവര്‍ സ്വന്തം ഉത്തരവാദിത്തങ്ങള്‍ക്ക് പുറമെയാണ് രാപകല്‍ വ്യത്യാസമില്ലാതെ ഓരോ വാര്‍ഡിലും ഇടപെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ആശാ വര്‍ക്കര്‍മാര്‍ക്കുള്ള ഉപഹാരം സി.ഐ സമ്മാനിച്ചു. ക്യാഷ് അവാര്‍ഡുകള്‍ പഞ്ചായത്ത് പ്രസിഡന്റും ഓണക്കിറ്റ് ദയ ട്രസ്റ്റി എന്‍.കെ. ശ്രീജിത്തും കൈമാറി. ആശാ വര്‍ക്കര്‍ ഗ്രൂപ്പ് ലീഡര്‍ ഷീബാ ഷാജി, എന്‍.കെ. ശ്രീജിത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. ദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജിന് ആശാ വര്‍ക്കര്‍ ഗ്രൂപ്പ് ലീഡര്‍ ഷീബാ ഷാജിയുടെ നേതൃത്വത്തില്‍ സ്‌നേഹോപഹാരം സമ്മാനിച്ചു. പരിപാടിക്ക് ഷംന സൂരജ്, എന്‍.കെ. രാഗേഷ്, ടി.വി. സിജു, കെ. സന്തോഷ്, ശ്രീശൻ നാമത്ത്, രതീഷ് കണിയാങ്കണ്ടി, ഷജിൽ ഹരിദാസ്, സന്തോഷ് ജവാൻ, എം. പ്രദീപന്‍, വിപിന്‍ എന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ദയ ട്രസ്റ്റി കെ. രാജേന്ദ്രന്‍ സ്വാഗതവും വി. നജീഷ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *