അഴീക്കോട്: കോവിഡ് പ്രതിരോധപ്രവര്‍ത്തനത്തില്‍ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന അഴീക്കോട് മേഖലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരെ വീടുകളിലെത്തി ആദരിച്ച് ദയ ചാരിറ്റബിള്‍ ട്രസ്റ്റ്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അവധി പോലും എടുക്കാതെ കോവിഡ് ഭീതിക്കിടയില്‍ ജോലി ചെയ്ത അഴീക്കോട്ടെ നാല് ആംബുലന്‍സ് ഡ്രൈവര്‍മാരെ കെ.വി. സുമേഷ് എം.എല്‍.എയും ദയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജും വീടുകളിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.കഴിഞ്ഞ രണ്ടുവര്‍ഷത്തോളം കാലം വിശ്രമമില്ലാതെ ഭയമില്ലാതെ ഓട്ടത്തിലായിരുന്നു ആംബുലന്‍സ് സാരഥികളൊക്കെയും. നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സ്വയം അകലം പാലിച്ചുനിന്ന കാലം. പലപ്പോഴും മനസ്സു വിഷമിപ്പിച്ച അകറ്റിനിര്‍ത്തലുകള്‍. എല്ലാത്തിനുമൊപ്പം ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ സമൂഹത്തിലെ ഒരു വിഭാഗം കരിവാരിത്തേച്ച നിമിഷങ്ങള്‍. എല്ലാത്തിനുമപ്പുറം ഒരുപാട് ജീവനുകള്‍ കൈയില്‍ ചേര്‍ത്തുപിടിച്ച് ആക്‌സിലേറ്ററില്‍ ആഞ്ഞുചവിട്ടി പായുമ്പോള്‍ ചെയ്യുന്നത് ഒരു ജോലിയായി ഇവരാരും കരുതിയിരുന്നില്ല. പകരം സമൂഹത്തോടുള്ള ഉത്തരവാദിത്തമുള്ള മനുഷ്യരായി അവര്‍ നിന്നു. ഈ നിസ്വാര്‍ത്ഥ സേവനത്തിന് ആംബുലന്‍സ് ഡ്രൈവര്‍മാരെ അവരുടെ വീടുകളിലെത്തി ആദരിക്കുകയായിരുന്നു ദയ ചാരിറ്റബിള്‍ ട്രസ്റ്റ്. അഴീക്കോട് മേഖലയിലെ ആംബുലന്‍സ് ഡ്രൈവര്‍മാരായ രഞ്ജിത്ത് ചോയ്യന്‍, സി.കെ. അമല്‍, എം. പ്രേംജിത്ത്, തഫ്‌സീര്‍ മൊയ്തു എന്നിവരെ അഴീക്കോട് എം.എല്‍.എ കെ.വി. സുമേഷ്, ദയ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എന്‍.കെ. സൂരജ് എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ദയ ട്രസ്റ്റിന്റെ വകയായി 10,000 രൂപ വീതം ക്യാഷ് അവാര്‍ഡും ഉപഹാരവും മധുരപലഹാരവും ഇവര്‍ക്ക് നല്‍കി. ചടങ്ങില്‍ ദയ ട്രസ്റ്റി കെ. രാജേന്ദ്രന്‍, വി. നജീഷ്, ടി.വി.സിജു, കെ.പി. ശിവാനന്ദന്‍, ശ്രീശന്‍ നാമത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു.
Categories